Name:
Location: Keralam, India

Sunday, June 26, 2005

മഴക്കാലത്ത്‌

ബാഗുകള്‍ തോരണങ്ങളാക്കി കുഞ്ഞുങ്ങളെ കുത്തിനിറച്ചു വന്ന ഓട്ടോറിക്ഷയ്ക്ക് ‌ കടന്നുപോകാന്‍ വഴിയൊതുങ്ങിക്കൊടുക്കുമ്പോള്‍ ശ്രദ്ധിച്ചത്‌ കുട്ടികളുടെ മേത്ത്‌ ചെളിതെറിക്കാതിരിക്കാന്‍ കുട മുന്നോട്ട്‌ ചരിച്ചുപിടിക്കാനായിരുന്നു. എന്നിട്ടും കടുത്തനിറത്തിലുള്ള യൂണിഫോമില്‍ അങ്ങിങ്ങ്‌ പൊട്ടുകള്‍ പതിഞ്ഞു. കുട്ടികളെ കുത്തിനിറച്ചുപോകുന്ന ഓട്ടോക്കാരോടൊപ്പം വിട്ടാല്‍ ഇതിലപ്പുറമുള്ള ചെളിയുമായി ക്ലാസിലിരിക്കേണ്ടിവരുമായിരുന്നല്ലോന്നു സമാധാനിച്ചു.

കുട്ടിക്കാലത്ത്‌ ഇതേ വഴിയിലൂടെ സ്കൂളിലേയ്ക്ക്‍ നടന്നുപോയത്‌ ഇന്നലത്തെപ്പോലെ ഓര്‍മ്മയുണ്ട്‌. അന്നിത്‌ ഇങ്ങനെ ചെളിനിറഞ്ഞ റോഡായിരുന്നില്ല. ചെളിയ്ക്കുപകരം തെളിനീരൊഴുകിയിരുന്ന ഒരു ചെറുതോടായിരുന്നു. ഇരുവശവും ചെറുവരമ്പും. വെള്ളമൊഴുകുന്നിടം വരെയുള്ള ചരിവിലാകെയും പലതരം പുല്‍ച്ചെടികളും... ചെളിയെന്നത്‌ വിളവിറക്കുന്ന നാളുകളില്‍ മാത്രം ചവിട്ടിക്കുഴച്ചു നടക്കാന്‍ കിട്ടുന്ന അപൂര്‍വ വസ്തു. ഈ തോട്ടിലൂടെയായിരുന്നു ഇരുവശത്തുമുള്ള വയലുകളില്‍ വെള്ളം തിരിച്ചുവിട്ടിരുന്നത്‌. ഈ റോഡുണ്ടാക്കാന്‍ അധികം പണി വേണ്ടിവന്നില്ലായിരിക്കും. തോടൊന്നു നികത്തുകയേ വേണ്ടിവന്നിട്ടുണ്ടാവൂ.


വരമ്പുകള്‍ ചാടിയും പുതുനെല്‍നാമ്പുകള്‍ പ്രത്യക്ഷമാവുന്നതിനുമുമ്പുള്ള കുരുന്നുകള്‍ വലിച്ചൂരി കടിച്ചുതിന്നും തപസിരിക്കുന്ന ഞണ്ടുകളെ അവയുടെ മാളം വരമ്പില്‍ നിന്നുതന്നെ ചവിട്ടിയടച്ച്‌ വയലിലേയ്ക്കോടിച്ചും... എന്നിട്ടും ഞങ്ങളുടെ സംഘം സ്കൂളിലെത്താന്‍ ഇത്ര തത്രപ്പെട്ടോടേണ്ടിവന്നിരുന്നില്ല.

ആ കൈത്തോടും ചെറുവയലുകളും മരച്ചീനിയും തെങ്ങും നിന്നിരുന്ന പറമ്പുകളുമൊന്നും ഇന്നവിടെയില്ല. എവിടെനിന്നൊക്കെയോവന്നു പ്ലോട്ടുതിരിച്ച്‌ സ്ഥലം വാങ്ങി അവരവര്‍ക്കിഷ്ടമായ തരത്തില്‍ 'കൊട്ടാരങ്ങള്‍' തീര്‍ത്ത എല്ലാവരും വാഴുന്നു. ആര്‍ക്കും നടന്നുപോകണ്ട. ഒരു ടൂവീലര്‍ എങ്കിലും ഇല്ലാത്തവര്‍ ഇല്ല. പിന്നെന്തിനവര്‍ക്ക്‌ സ്വപ്നലോകത്തെ കുഞ്ഞുവരമ്പും തെളിനീരൊഴുകുന്ന, കുഞ്ഞുമീനുകളും നീര്‍ക്കോലിയും നീന്തുന്ന കൈത്തോടും വേണം. അതൊക്കെ അസൌകര്യങ്ങളല്ലേ? ഇനി അതൊക്കെ ഉണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിച്ചാല്‍ത്തന്നെ കിട്ടുമോ? മടങ്ങിവന്ന ഒരു നീരുറവയുടെ കഥ എവിടെയും കേട്ടിട്ടില്ല. പൊട്ടിച്ചുതകര്‍ത്ത്‌ മാളികകളുണ്ടാക്കാന്‍ കൊണ്ടുപോകുന്ന പാറകള്‍ എവിടെയെങ്കിലും വീണ്ടും മുളച്ചുവന്നതായും കേട്ടിട്ടില്ല.

ബസ്റ്റാന്റില്‍ എത്തിയത്‌ അറിഞ്ഞതേയില്ല. തിരക്കുള്ള നിരത്തില്‍ കുട്ടികളേയും കയ്യില്‍ പിടിച്ച്‌ ഒന്നും ശ്രദ്ധിക്കാതെ നടന്നല്ലോന്നോര്‍ത്തപ്പോള്‍ ഉള്ളൊന്നു പിടഞ്ഞു. പിന്നെ സമാധാനിച്ചു. പലയിടത്തേയ്ക്കുമുള്ള വണ്ടികള്‍ ബോര്‍ഡ്‌ വച്ചു നില്‍ക്കുന്നു. കുട്ടികളെയും കൊണ്ടെങ്ങനെ കയറിപ്പറ്റും? വെളുപ്പിനെ പെയ്തമഴയില്‍ എന്നോ ടാറിട്ട നിലമാകെ ചവിട്ടിനടക്കാന്‍ പറ്റാത്തവിധം കിടക്കുന്നു. തോടും അരുവിയും വയലും കുളവുമെല്ലാം അവിടെത്തന്നെയുണ്ട്.

'ഇങ്ങനെ വെള്ളത്തില്‍ ചവിട്ടാതെ ചാടിയാണോ അമ്മയൊക്കെ പണ്ട്‌ വരമ്പിലൂടെ സ്കൂളില്‍ പോയിരുന്നത്‌?'

കുട്ടി ചോദിച്ചതുകേട്ട്‌ ചിരിക്കണോ കരയണോ അതോ അവര്‍ക്ക്‌ പഴയ അനുഭവത്തിന്റെ പതിപ്പ്‌ കൊടുക്കാന്‍ പറ്റിയതില്‍ ആശ്വസിക്കണോ എന്നു ചിന്തിച്ചു നില്‍ക്കുമ്പോള്‍ ഒരു മിനി ബസ്‌ മൂന്നാളെയും അക്ഷരാര്‍ത്ഥത്തില്‍ കുളിപ്പിച്ചു പാഞ്ഞുപോയി.

11 Comments:

Blogger Sujith said...

nostalgia beckons!

10:59 AM  
Blogger aneel kumar said...

:)
മഴക്കാലത്ത് പള്ളിക്കൂടയാത്ര ഒരു അനുഭവം തന്നെയായിരുന്നു. രസകരവും അസുഖകരവും.

വയല്‌വരന്പുകള്‍ ചിലയിടത്തൊക്കെ മുറിഞ്ഞാവും കിടക്കുക. ചാടിക്കടക്കണം. അല്ലെങ്കില്‍ ചെളിവെള്ളത്തിലൂടെ ഇറങ്ങ്ണം. ഒരിക്കലെങ്കിലും ചാട്ടം പിഴയ്ക്കാത്തവരില്ല. അവര്‍ക്ക് 'മടവചാടി' എന്ന പേരുവീഴുകയും അടുത്തൊരാള്‍ക്കത് കിട്ടുന്നതുവരെ നിലനില്ക്കയും ചെയ്യും.

1:45 PM  
Blogger Kalesh Kumar said...

നന്നായി ചേതന!

വായിച്ചു കഴിഞ്ഞപ്പോള്‍ അമ്മയുടെ വിരലില്‍ തുങ്ങി സ്കൂളില്‍ പോയത്‌ ഓര്‍മ്മവന്നു!
സുഖമുള്ള നൊസ്റ്റാള്‍ജ്യ!

11:00 PM  
Anonymous Anonymous said...

കൈത്തോട~ - ee saadhanam ippO unTO? neeR_kkOli enna saadhanamO? kuTTikaL_kkonnu kaanicchu koTukkamennu vichaaricchu illapparampil pOyappOL aviTe kuLam thanne aTacchu keTTiyirikkunnu~.

11:41 PM  
Blogger സു | Su said...

:)

4:21 AM  
Blogger കെവിൻ & സിജി said...

എന്റെ വല്ല്യമ്മേടെ വീടിന്റെ മുന്നീക്കൂടെ തന്നെ ഒരു കൈത്തോടുണ്ടു്.

6:48 AM  
Anonymous Anonymous said...

എന്റെ ഉപ്പൂപ്പാന്റെ വീട്ടിന്റെ മുന്നില്‍ ഒരു ആന ണ്ടായിരുന്നു. അത്‌ എന്നും ഒരു കൈ തോടില്‍ സ്വിമ്മിങ്ങിനു പോകാറുണ്ട്‌. ഒരൂസം എന്റെ ഉപ്പൂപ്പ വീടിന്റെ ടെറസിന്റെ മോളില്‌ ഒരു സ്വിമ്മിങ്‌ പൂള്‍ ഉണ്ടാക്കി. ഇപ്പൊ ആനേടെ ഗ്രാന്റ്‌ ചില്‍ഡ്രന്‍സ്‌ സ്വിമ്മിങ്‌ പൂളില്‍ സ്വിം ചെയ്തു സ്വിം ചെയ്തു അയ്യൊ ആ ടെറസ്‌ ആകെ കൊളാക്കി.

--Ranjith--

6:34 PM  
Blogger ചില നേരത്ത്.. said...

ചേതന...
നന്നായിരിക്കുന്നു..
മഴക്കാല അനുഭവം-
ഞാനും ഒന്ന് എഴുതിയിട്ടുണ്ട്‌..
വായിക്കുമല്ലോ?..
-ഇബ്രു-

4:07 AM  
Blogger എന്‍റെ ചേതന said...

നന്ദി എല്ലാവറ്ക്കും.

മഴയെപ്പറ്റിയെഴുതി പനിപിടിച്ചു. പിന്നെ വരാം.

9:23 AM  
Blogger സു | Su said...

ചേതൂ,
ദയവായിട്ട് ആ പനി എനിക്ക് തരൂ. കട്ടന്‍ കാപ്പിയും കുടിച്ച് പുതച്ച്‌മൂടിയിരുന്ന്‌ ഞാന്‍ മഴയൊന്നു ആസ്വദിക്കട്ടെ.

10:48 PM  
Blogger Raji Chandrasekhar said...

ഇന്നലെ മുതല്‍ ഞാനുമുണ്ടു കൂടെ....
കുടയിലും... കുടയില്ലാതേയും...കൂടിക്കോട്ടേ...
http://rahasyalokam.blogspot.com
ശ്ര്ദ്ധിക്കുമല്ലോ....

9:30 AM  

Post a Comment

<< Home