Name:
Location: Keralam, India

Friday, September 30, 2005

പ്രവാസം - വളയമില്ലാതെ

ബീച്ചിൽ തെരക്ക് കുറവ്.
നേരിയ കാറ്റുണ്ട്.
പക്ഷേ അത് കടലിന്റെ ഭാഗത്തേയ്ക്കാണ്.
മറിച്ചായിരുന്നെങ്കിൽ ഇവിടെ ഇങ്ങനെ ഏറെക്കുറെ വിജനമായി കിടക്കില്ല.
പന്തുകളും ഫ്ലൈയിങ് സോസറുകളുമൊക്കെയുമായി കുട്ടികൾ നിറയേണ്ട സമയം കഴിഞ്ഞിരിക്കുന്നു.

ഇനിയും എത്രമാസം ഈ ചൂടനുഭവിക്കണം… അടുത്ത വേനൽക്കാലത്തിനുമുമ്പ് ലൈസൻസ് കിട്ടാൻ ഭാഗ്യമുണ്ടാവുമോ…
എന്തു ജോലിയും ചെയ്യാമെന്നു പറഞ്ഞാലും “ഡ്രൈവിങ് ലൈസൻസ് ഉണ്ടോ?” എന്നാണ് ആരും ആദ്യമേ ചോദിക്കുക. അതൊട്ടു കിട്ടുന്നുമില്ല.
അടുത്ത ടെസ്റ്റ് വരെ ദിവസങ്ങൾ എങ്ങനെ പോകുമെന്നോർത്തിട്ട് വേവലാതി.
തീറ്റിപ്പോറ്റുന്ന ബന്ധുക്കൾ ഒന്നും അടുത്തില്ല എന്ന സമാധാനം.

മൂന്ന് റൌണ്ടബൌട്ടുകളും ഒത്തിരിയധികം നേർവഴികളും ഒരു കുരുക്കുപിടിച്ച പാർക്കിങ്ങും സാമാന്യം മിടുക്കോടെയും വിറയ്ക്കാതെയും ഒപ്പിച്ചതായിരുന്നു. ഒടുവിൽ ‘സ്റ്റോപ്പ്’ പറഞ്ഞു. പിന്നെ ‘റിവേഴ്സ്’.
നെഞ്ചിടിപ്പേറുമ്പോൾ കരുതി, ഇന്ന് ശാപമോക്ഷം ഉറപ്പ്. ആദ്യം ആരെ വിളിച്ചു പറയണം? ഇതിനടുത്ത് ഫോൺ ബൂത്ത് ഉണ്ടോ? കോയിൻ ഉണ്ടോ കയ്യിൽ?
അടുത്ത മാസം മുതൽ ഒരു ശമ്പളക്കാരനാവും എന്നോർത്തപ്പോൾ കുളിരുകോരി.
എല്ലാ വെള്ളിയാഴ്ച വൈകുന്നേരങ്ങളിലും ബംഗാ‍ളിത്തെരുവിലെ സാൻഡ്‌വിച്ച് കടയിൽ നിന്ന് ചിക്കൻ ഷവർമ വാങ്ങിത്തിന്നണം.
‘യള്ളാ’ പിൻസീറ്റിലിരുന്ന പോലീസുകാരനായിരുന്നു അലറിയത്.
അതുശരി, ഇതുവരെ ഗിയർ മാറ്റിയില്ല.
ഇങ്ങനെയുണ്ടോ ഒരു സ്വപ്നം കാണൽ. ഉള്ളിൽ ചിരിവന്നു.
പിന്നിലേയ്ക്കൊന്നു തിരിഞ്ഞു നോക്കി, ക്ലിയർ.
ക്ലച്ചു ചവിട്ടി, ഗിയർ പിന്നിലേയ്ക്കിട്ടു, വണ്ടി നീങ്ങിത്തുടങ്ങി.
ഉച്ചത്തിലെ ഒരു ഹോണടി കേട്ടുഞെട്ടി. ക്ലച്ചിലെയും ആക്സിലേറ്ററിലെയും കാലുകൾ ഒക്കെ തനിയേ ഉയർന്നുപോയി. പിന്നിലേയ്ക്കുതന്നെ നോക്കി. തൊട്ടു തൊട്ടില്ല എന്ന മട്ടിലുണ്ട് കൂറ്റനൊരു സ്കൂൾ ബസ്. എവിടുന്നു വന്നെത്തി ഇത്രവേഗം എന്നറിയില്ല.
ഏതായാലും തട്ടാഞ്ഞതു ഭാഗ്യം.
കാർഡ് കൈയിൽ വാങ്ങി നോക്കി. കൃത്യം ഒരുമാസത്തെ ഇടവേളയിട്ട് ഒരു തീയതി.
തന്നയാളുടെ മുഖത്തേയ്ക്കൊന്നു നോക്കി. ഒരു ഭാവവ്യതിയാനവുമില്ല.
എത്രയോ പേരെ ഇങ്ങനെ ഇറക്കി വിടുന്നു അവർ…

3 Comments:

Blogger Kalesh Kumar said...

മറുനാട്ടിൽ എവിടെയാ? ഗൾഫാണെന്ന് മനസ്സിലായി (ഷവർമ).ഇന്റർവ്യൂനൊക്കെ പോയാൽ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടോ എന്ന ചോദ്യം ഉറപ്പാണ്!
ഡ്രൈവിംഗ് ലൈസൻസ് വേഗം കിട്ടട്ടെ എന്ന് ആശംസിക്കുന്നു!

11:10 PM  
Blogger പാപ്പാന്‍‌/mahout said...

ഈ പോസ്റ്റ് കണ്ടതിനുശേഷം ഞാൻ ചേതനയുടെ ബ്ലോഗ് ആദ്യം മുതൽ വായിച്ചു. ഏല്ലാം നന്നായിട്ടുണ്ട്. ആരംഭശൂരത്തത്തിന്റെ കടമ്പ ഇതിനകം കടന്നുകഴിഞുകാണും എന്നു വിശ്വസിക്കുന്നു -- കൂടുതൽ എഴുത്തുകൾ പ്രതീക്ഷിക്കുന്നു.

2:56 AM  
Blogger എന്‍റെ ചേതന said...

നന്ദി, കലേഷ് & പപ്പാൻ.
ഡ്രൈവിങ്ങ് ലൈസൻസ് എനിക്ക് കിട്ടാഞ്ഞ കഥയല്ല കലേഷ്. ഇതൊരു പ്രവാസ അനുഭവം.:)
കൂടുതൽ എഴുതണമെന്നുണ്ട് പാപ്പാൻ, സമയം സൌകര്യം ഒക്കെ കടമ്പകൾ :)

9:38 AM  

Post a Comment

<< Home