എന്റെ ചേതന

Name:
Location: Keralam, India

Sunday, June 26, 2005

മഴക്കാലത്ത്‌

ബാഗുകള്‍ തോരണങ്ങളാക്കി കുഞ്ഞുങ്ങളെ കുത്തിനിറച്ചു വന്ന ഓട്ടോറിക്ഷയ്ക്ക് ‌ കടന്നുപോകാന്‍ വഴിയൊതുങ്ങിക്കൊടുക്കുമ്പോള്‍ ശ്രദ്ധിച്ചത്‌ കുട്ടികളുടെ മേത്ത്‌ ചെളിതെറിക്കാതിരിക്കാന്‍ കുട മുന്നോട്ട്‌ ചരിച്ചുപിടിക്കാനായിരുന്നു. എന്നിട്ടും കടുത്തനിറത്തിലുള്ള യൂണിഫോമില്‍ അങ്ങിങ്ങ്‌ പൊട്ടുകള്‍ പതിഞ്ഞു. കുട്ടികളെ കുത്തിനിറച്ചുപോകുന്ന ഓട്ടോക്കാരോടൊപ്പം വിട്ടാല്‍ ഇതിലപ്പുറമുള്ള ചെളിയുമായി ക്ലാസിലിരിക്കേണ്ടിവരുമായിരുന്നല്ലോന്നു സമാധാനിച്ചു.

കുട്ടിക്കാലത്ത്‌ ഇതേ വഴിയിലൂടെ സ്കൂളിലേയ്ക്ക്‍ നടന്നുപോയത്‌ ഇന്നലത്തെപ്പോലെ ഓര്‍മ്മയുണ്ട്‌. അന്നിത്‌ ഇങ്ങനെ ചെളിനിറഞ്ഞ റോഡായിരുന്നില്ല. ചെളിയ്ക്കുപകരം തെളിനീരൊഴുകിയിരുന്ന ഒരു ചെറുതോടായിരുന്നു. ഇരുവശവും ചെറുവരമ്പും. വെള്ളമൊഴുകുന്നിടം വരെയുള്ള ചരിവിലാകെയും പലതരം പുല്‍ച്ചെടികളും... ചെളിയെന്നത്‌ വിളവിറക്കുന്ന നാളുകളില്‍ മാത്രം ചവിട്ടിക്കുഴച്ചു നടക്കാന്‍ കിട്ടുന്ന അപൂര്‍വ വസ്തു. ഈ തോട്ടിലൂടെയായിരുന്നു ഇരുവശത്തുമുള്ള വയലുകളില്‍ വെള്ളം തിരിച്ചുവിട്ടിരുന്നത്‌. ഈ റോഡുണ്ടാക്കാന്‍ അധികം പണി വേണ്ടിവന്നില്ലായിരിക്കും. തോടൊന്നു നികത്തുകയേ വേണ്ടിവന്നിട്ടുണ്ടാവൂ.


വരമ്പുകള്‍ ചാടിയും പുതുനെല്‍നാമ്പുകള്‍ പ്രത്യക്ഷമാവുന്നതിനുമുമ്പുള്ള കുരുന്നുകള്‍ വലിച്ചൂരി കടിച്ചുതിന്നും തപസിരിക്കുന്ന ഞണ്ടുകളെ അവയുടെ മാളം വരമ്പില്‍ നിന്നുതന്നെ ചവിട്ടിയടച്ച്‌ വയലിലേയ്ക്കോടിച്ചും... എന്നിട്ടും ഞങ്ങളുടെ സംഘം സ്കൂളിലെത്താന്‍ ഇത്ര തത്രപ്പെട്ടോടേണ്ടിവന്നിരുന്നില്ല.

ആ കൈത്തോടും ചെറുവയലുകളും മരച്ചീനിയും തെങ്ങും നിന്നിരുന്ന പറമ്പുകളുമൊന്നും ഇന്നവിടെയില്ല. എവിടെനിന്നൊക്കെയോവന്നു പ്ലോട്ടുതിരിച്ച്‌ സ്ഥലം വാങ്ങി അവരവര്‍ക്കിഷ്ടമായ തരത്തില്‍ 'കൊട്ടാരങ്ങള്‍' തീര്‍ത്ത എല്ലാവരും വാഴുന്നു. ആര്‍ക്കും നടന്നുപോകണ്ട. ഒരു ടൂവീലര്‍ എങ്കിലും ഇല്ലാത്തവര്‍ ഇല്ല. പിന്നെന്തിനവര്‍ക്ക്‌ സ്വപ്നലോകത്തെ കുഞ്ഞുവരമ്പും തെളിനീരൊഴുകുന്ന, കുഞ്ഞുമീനുകളും നീര്‍ക്കോലിയും നീന്തുന്ന കൈത്തോടും വേണം. അതൊക്കെ അസൌകര്യങ്ങളല്ലേ? ഇനി അതൊക്കെ ഉണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിച്ചാല്‍ത്തന്നെ കിട്ടുമോ? മടങ്ങിവന്ന ഒരു നീരുറവയുടെ കഥ എവിടെയും കേട്ടിട്ടില്ല. പൊട്ടിച്ചുതകര്‍ത്ത്‌ മാളികകളുണ്ടാക്കാന്‍ കൊണ്ടുപോകുന്ന പാറകള്‍ എവിടെയെങ്കിലും വീണ്ടും മുളച്ചുവന്നതായും കേട്ടിട്ടില്ല.

ബസ്റ്റാന്റില്‍ എത്തിയത്‌ അറിഞ്ഞതേയില്ല. തിരക്കുള്ള നിരത്തില്‍ കുട്ടികളേയും കയ്യില്‍ പിടിച്ച്‌ ഒന്നും ശ്രദ്ധിക്കാതെ നടന്നല്ലോന്നോര്‍ത്തപ്പോള്‍ ഉള്ളൊന്നു പിടഞ്ഞു. പിന്നെ സമാധാനിച്ചു. പലയിടത്തേയ്ക്കുമുള്ള വണ്ടികള്‍ ബോര്‍ഡ്‌ വച്ചു നില്‍ക്കുന്നു. കുട്ടികളെയും കൊണ്ടെങ്ങനെ കയറിപ്പറ്റും? വെളുപ്പിനെ പെയ്തമഴയില്‍ എന്നോ ടാറിട്ട നിലമാകെ ചവിട്ടിനടക്കാന്‍ പറ്റാത്തവിധം കിടക്കുന്നു. തോടും അരുവിയും വയലും കുളവുമെല്ലാം അവിടെത്തന്നെയുണ്ട്.

'ഇങ്ങനെ വെള്ളത്തില്‍ ചവിട്ടാതെ ചാടിയാണോ അമ്മയൊക്കെ പണ്ട്‌ വരമ്പിലൂടെ സ്കൂളില്‍ പോയിരുന്നത്‌?'

കുട്ടി ചോദിച്ചതുകേട്ട്‌ ചിരിക്കണോ കരയണോ അതോ അവര്‍ക്ക്‌ പഴയ അനുഭവത്തിന്റെ പതിപ്പ്‌ കൊടുക്കാന്‍ പറ്റിയതില്‍ ആശ്വസിക്കണോ എന്നു ചിന്തിച്ചു നില്‍ക്കുമ്പോള്‍ ഒരു മിനി ബസ്‌ മൂന്നാളെയും അക്ഷരാര്‍ത്ഥത്തില്‍ കുളിപ്പിച്ചു പാഞ്ഞുപോയി.

Wednesday, June 01, 2005

ചൂടോ തണുപ്പോ?

"ഞാനപ്പോഴേ പറഞ്ഞതല്ലേ ഡാഡീടടുത്തു നിന്നോളാമെന്ന്? ഈ പൊള്ളണ ചൂടത്ത്‌ എന്നെ കൊണ്ടുവന്നതെന്തിനാ അമ്മേ?"

അമ്മയും ഇളയ മോനും ദിവസം നാലുനേരമെങ്കിലും ഇക്കാര്യം പറഞ്ഞു വഴക്കുണ്ടാക്കും.
ഇതു മാത്രമല്ല പ്രശ്നം.

ഇന്നും ചിക്കനില്ലേ?
ഈ തൈരെന്താ ഇങ്ങനെ?

ഇതെല്ലാം ആഹാരസമയത്ത്‌.
പുറത്തിറങ്ങിയാലും ചോദ്യങ്ങളും പരാതികളും കുറേയാണ്‌.

അഛനെ പ്രവാസിക്കാന്‍ തന്നെ തല്‍ക്കാലം വിട്ട്‌ അമ്മ രണ്ടാണ്‍മക്കളെയും കൊണ്ട്‌ നാട്ടിലെത്തിയതിന്റെ ഗുലുമാലാണ്‌.

മരുഭൂമിയില്‍ എല്ലായിടത്തും ഏേസിയാണോ എന്നൊരു സംശയം ഈ വഴക്കുകേട്ടാല്‍ എപ്പോഴും തോന്നാറുണ്ട്‌. എങ്ങനെ നോക്കിയാലും. ഞങ്ങടെ പ്രദേശത്തെക്കാളും ചൂടും പൊടിയും മറ്റും ഇവര്‍ വന്ന ദേശത്തുണ്ടാവുമെന്നു തീര്‍ച്ച. പിന്നെന്താ ഈ കുട്ടികള്‍ക്കൊക്കെ?